FLASH NEWS

അൽഭുതമായി ഹാരിയുടെ പ്രകടനങ്ങൾ : നേടിയത് നിരവധി റെക്കോഡുകൾ

September 14,2023 05:23 PM IST

കണ്ണുകെട്ടി സ്കേറ്റിങ് ബോഡിൽ പറന്നുകൊണ്ട് ഹൂളാ ഹൂപ്പ് കറക്കുകയും മിറർ ക്യൂബ് സോൾവ് ചെയ്യുകയും ചെയ്യുന്ന  തൃശൂർ സ്വദേശി ഹാരി പോൾ ഒരൽഭുതമാവുകയാണ്.

ഇത്രയും കാര്യങ്ങൾ ഒരുമിച്ച് ഒരു മിനുട്ട് 28 സെക്കന്റിൽ ചെയ്ത ഈ 12 വയസുകാരൻ‍ നടന്നു കയറിയത്  റെക്കോഡുകളുടെ കൊടുമുടിയിലേയ്ക്കാണ്.ലോക്ഡൗൺ കാലത്തു വെറുതേ വീട്ടിലിരുന്നപ്പോൾ തോന്നിയ  കൗതുകത്തിൽ നിന്നാണ് ഹാരിയുടെ തുടക്കം.ആദ്യം റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാനായിരുന്നു ശ്രമം.യൂട്യൂബിൽ നോക്കി 3*3 യുടെ ക്യൂബുകൾ ചെയ്യാൻ തുടങ്ങിയ കാലത്ത്, സംശയമുണ്ടാകുമ്പോൾ അമ്മയുടെ സഹോദരിയെ വിളിച്ചു ചോദിക്കും.മൂന്നെണ്ണം ശരിയായി സോൾവു ചെയ്യാൻ പഠിച്ചതോടെ പത്തിലേക്കു കടന്നു. ഇതിനൊപ്പം അരക്കെട്ടിലിട്ട് ഹൂളാ ഹൂപ്പ് കറക്കാനും പഠിച്ചു.സ്കേറ്റിങിലോ ഹൂപ്പിലോ ഒന്നും പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.കണ്ണുകെട്ടിക്കൊണ്ടാണ് ഹാരിയുടെ അഭ്യാസങ്ങളത്രയും .

സ്കേറ്റ് ചെയ്തു കൊണ്ട് ഒരേസമയം രണ്ടു വളയങ്ങൾ അരക്കെട്ടിലിട്ട് കറക്കുകയും പലതരം ക്യൂബുകൾ സോൾവ് ചെയ്യുകയും ചെയ്യും. ഇങ്ങനെയാണ്  5ലധികം റെക്കോഡുകൾ ഹാരി നേടിയെടു ത്തത്.

 

 

ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, ഹൈറേഞ്ച് വേൾഡ് റെക്കോഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നീ റെക്കോഡുകൾ നിലവിൽ ഹാരിക്കു ലഭിച്ചു കഴിഞ്ഞു.ഇതിനെല്ലാം പുറമെ,

റുബിക്സ് ക്യൂബുകൾ ഉപയോഗിച്ചു സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം ഛായചിത്രങ്ങളും ഹാരി നിർമിക്കാറുണ്ട്. മോഹൻലാൽ, കുഞ്ചാക്കോബോബൻ, ഔസേപ്പച്ചൻ, പേളിമാണി, രാഹുൽഗാന്ധി തുടങ്ങി നിരവധി പ്രമുഖരുടെ മുഖങ്ങൾ ക്യൂബുകൾകൊണ്ടു നിർമിച്ച ശ്രദ്ധേയ സൃഷ്ടികളാണ്.പോൾ ജോർജിന്റെയും ഡയാനാ പോളിന്റെയും മൂത്ത മകനായ ഹാരി തൃശൂർ നിർമല മാതാ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.